ആകെ പേജ്‌കാഴ്‌ചകള്‍

2015, മാർച്ച് 3, ചൊവ്വാഴ്ച

മൗനത്തിന്റെ നാവ്
















പണ്ടൊക്കെ
വാക്കിനെയായിരുന്നു ഭയം
പള്ളിയിലും പള്ളിക്കൂടത്തിലും
കിടപ്പറയിലും ശ്മശാനത്തിലും
അതെന്റെ തുണിയഴിച്ചു
കള്ളം ചിന്തിക്കും മുമ്പേ
ഉള്ളം എഴുന്നള്ളിച്ചു
അങ്ങനെ എന്റെ കച്ചവടം
പൂട്ടിപ്പോയപ്പോഴാണ്
ഞാനതിനെ
ചിത്തരോഗാസ്പത്രിയില്‍ പ്രവേശിപ്പിച്ചത്

ഷോക്കടിപ്പിച്ചതിന്റെ 
ക്ഷീണമുണ്ടായിരുന്നെങ്കിലും
മടങ്ങിവന്ന വാക്ക്
മാന്യനും 
അല്പം മൗനിയുമായിരുന്നു
എനിക്ക് പക്വതയെത്തിയതായി 
കുടുംബക്കാരും
ദൈവത്തോടടുത്തതായി
പള്ളിക്കാരും
സമവായക്കാരനായതായി
പാര്‍ട്ടിക്കാരും 
പ്രശംസിച്ചു

പിന്നീടങ്ങോട്ട് 
വാക്കുകള്‍ക്കായിരുന്നു ഭയം
പറഞ്ഞുകൊണ്ടിരിക്കെ 
അത് ഒളിച്ചുകളിച്ചു
മൗനം നാക്കു നീട്ടാന്‍ തുടങ്ങി
ഒടുവില്‍
വാക്കുണ്ടായിരുന്നിടത്തെല്ലാം
മൗനം അട്ടഹസിച്ചു
പ്രശംസിച്ചവരെല്ലാം 
ധിക്കാരിയെന്ന് ചാപ്പകുത്തി

ഞാനിപ്പോള്‍ 
ഒരറവുശാല
കൊല്ലുന്നതും കൊല്ലിക്കുന്നതും 
കൊല്ലപ്പെടുന്നതും ഞാന്‍ തന്നെ
മിഴികളില്‍ 
മൗനം മുറിപ്പെടുത്തിയ
ഒരു കഠാരയുടെ ചോര