ആകെ പേജ്‌കാഴ്‌ചകള്‍

2014, ഏപ്രിൽ 22, ചൊവ്വാഴ്ച

ഒമര്‍ ഖയ്യാമിന് ഒരു കുടിയൊഴിപ്പിക്കല്‍ നോട്ടീസ്‌
















ഒമര്‍ ഖയ്യാം
നീ ഇപ്പോള്‍ 
പടിയിറങ്ങണം

എന്റെ 

ആര്‍ത്തിയും ആസക്തിയും
നിര്‍വ്വീര്യമാക്കി
ഇനിയും നിന്നെ സഹിക്കാന്‍
എനിക്കാവില്ല

പൂമുഖത്തെ 

കസേരയിലോ കണ്ണാടിക്കൂട്ടിലോ
എത്രകാലം വേണമെങ്കിലും 
നിനക്ക് അലങ്കാരമാകാമായിരുന്നു

പക്ഷെ; നീ

അക്കങ്ങള്‍ മാത്രം വേവുന്ന
എന്റെ അടുക്കളയില്‍
പ്രണയത്തിന്റെ അടുപ്പുകൂട്ടി

ശീതീകരിച്ചതും മാംസളവുമായ 

എന്റെ കിടപ്പറ
വിരഹത്തിന്റെ വറചട്ടിയാക്കി

കണ്ണുരുട്ടുന്നവന്റെ 

തലയെടുക്കാന്‍ കരുതിവെച്ച
വെടിമരുന്നു നീ 
വീഞ്ഞാക്കി മാറ്റി
എന്നെ കുടിപ്പിച്ചു

ഉന്മത്തനായ ഞാനിന്ന്

ഒരു വെടിക്കു
മരുന്നില്ലാത്തവന്‍

ഒമര്‍ ഖയ്യാം

ഇത് എന്റെ മാത്രം വീടാണ്
നീ ഇനിയും പുറപ്പെടാത്ത പക്ഷം
പാളം തെറ്റിയ ഒരു തീവണ്ടിയോട് 
ഇതുവഴി വരാന്‍ ഞാന്‍ പറയും


2014, ഏപ്രിൽ 20, ഞായറാഴ്‌ച

കണ്ണാടി




ആഴങ്ങളില്‍
ഒരു ആകാശമുണ്ടായിരിക്കണം
അവിടെ 
നിലാവും നക്ഷത്രങ്ങളുമുണ്ടായിരിക്കണം
വേരുകള്‍ യാത്രപോകുന്നത്
അങ്ങോട്ടേക്കായിരിക്കണം
ഉയരങ്ങളില്‍ നിന്ന്
ശിഖരങ്ങളെ മോഹിപ്പിക്കുന്നത്
അതിന്റെ 
പ്രതിബിംബമായിരിക്കണം

2014, ഏപ്രിൽ 14, തിങ്കളാഴ്‌ച

വേനല്‍ നനയുമ്പോള്‍
















വേനല്‍മഴയെ
പഴിക്കരുത്
ആകസ്മികം
എന്നു വിളിക്കരുത്

അത് 
അധീനപ്പെടാത്ത
കാടുകളോടുള്ള
ആകാശത്തിന്റെ 
വാഗ്ദാനമാണ്

അതിനാല്‍
ആ പൂക്കളൊന്നും
യാദൃച്ഛികമല്ല






2014, ഏപ്രിൽ 2, ബുധനാഴ്‌ച

കവിയെ കൊല്ലുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍



കവിയെ കൊല്ലുന്നതിന് മുമ്പ്
കാറ്റിനെ പിടിച്ചുകെട്ടണം
സൂര്യനെ മുഖപടമണിയിക്കണം
നദികള്‍ വറ്റിക്കണം

മഴയെ ഭൂമികടത്തണം
മണ്ണിനെ വന്ധീകരിക്കണം
തൂക്കുകയോ
വെട്ടുകയോ
വെടിവെക്കുകയോ ആവാം
പക്ഷെ;
ഒറ്റ വിത്തും
തെറിച്ചു പോയിട്ടില്ലെന്ന്
വീണ്ടും വീണ്ടും
ഉറപ്പുവരുത്തണം