ആകെ പേജ്‌കാഴ്‌ചകള്‍

2014, ജനുവരി 31, വെള്ളിയാഴ്‌ച

വൃത്തം















കൊടുത്തയച്ചതാണ് 
കിട്ടിയത്
പറഞ്ഞത്‌ നീയോ
കേട്ടത് ഞാനോ 
അല്ല

അങ്ങനെയല്ലെങ്കില്‍

കൊടുത്തയച്ചതും
കൊണ്ടുവന്നതും
ഏറ്റുവാങ്ങിയതും
ഞാന്‍ തന്നെ


2014, ജനുവരി 30, വ്യാഴാഴ്‌ച

ഒരു മുസാഫിറിന്റെ മൊഴി



സഹയാത്രികാ

ഈ വളവില്‍ വച്ചോ
അല്ലെങ്കില്‍
അടുത്ത തിരിവില്‍ വച്ചോ
നമ്മള്‍ വഴി പിരിയും
നീ പിന്നെയും 
യാത്ര തുടരുമ്പോള്‍
എന്റെ ശവമഞ്ചം 
വഹിക്കരുത്

ആരെങ്കിലും

എന്നെക്കുറിച്ചു ചോദിച്ചാല്‍
കൂട്ടത്തെ
നഷ്ടപ്പെടുത്തിയവനെന്നോ
ഒഴിഞ്ഞ പാത്രമെന്നോ പറയുക
ദരിദ്രനായിരുന്നു 
എന്നുമാത്രം പറയരുത്

എന്റെ നോട്ടങ്ങളില്‍

എഴുതാത്തതെന്തെങ്കിലും
വായിച്ചിട്ടുണ്ടെങ്കില്‍
മായ്ച്ചുകളയണമെന്ന് 
നീ അവളോടു പറയണം

ഞാന്‍ ഒരു പൂ പോലും 

പറിച്ചിരുന്നില്ല

2014, ജനുവരി 29, ബുധനാഴ്‌ച

മാഞ്ഞുതീരുന്നത്














ഞാന്‍ എന്നെ
ഒരു കടലാസില്‍ പകര്‍ത്തി
പലവട്ടം വായിച്ചു

വായിക്കുന്തോറും തിരുത്തി
തിരുത്തുന്തോറും വെട്ടി

ഒടുവില്‍
വെട്ടും തിരുത്തും
മായ്ച്ചുകളഞ്ഞപ്പോള്‍
കടലാസ് ശൂന്യം

2014, ജനുവരി 28, ചൊവ്വാഴ്ച

ദൈവത്തിന്റെ മണം




















നീ
അരികിലെത്തുമ്പോള്‍
ഞാന്‍ ശ്വസിക്കുന്നു
നിന്റെ 
അടുക്കളയും
കിടപ്പറയും
കുളിമുറിയും
അണ്ഡബീജസങ്കലന
പ്രവാഹങ്ങളും

ദൈവത്തിന്റെ 

മണം മാത്രം
എങ്ങുപോയ്
മൂക്കേ?

ഓ 

നിനക്കും
ആ മണം 
അറിയില്ലല്ലോ...

2014, ജനുവരി 27, തിങ്കളാഴ്‌ച

അടയുമ്പോള്‍...
















മുട്ടരുതെന്ന്
ഞാന്‍ എന്നോട്
പലവട്ടം പറഞ്ഞിരുന്നു
എന്നിട്ടും മുട്ടിപ്പോയി

അപ്പോഴാണ്
മുട്ടുമ്പോള്‍
അടയപ്പെടുമെന്ന്
മനസ്സിലായത്

അങ്ങനെയാണ്

അടഞ്ഞുപോയത്
തുറക്കപ്പെട്ടത്‌

2014, ജനുവരി 22, ബുധനാഴ്‌ച

രണ്ടു സ്വപ്‌നങ്ങളും ഒരു യാഥാര്‍ത്ഥ്യവും
















കഴിഞ്ഞദിവസം
എന്റെ വാഹനത്തിന്റെ
ഇന്ധന ടാങ്കിന്
ഓട്ട വീണു
പുതിയതു വാങ്ങി

ഇന്നലെ
വലിച്ചുമുറുക്കുമ്പോളെന്റെ
അരപ്പട്ട പൊട്ടി
അത് 
തുന്നിച്ചേര്‍ത്തു

ഇന്ന്
ഞാനൊരു സ്വപ്നം കണ്ടു:
തെരുവില്‍
സമരക്കാര്‍
കൂട്ടംകൂടി നില്‍ക്കുകയായിരുന്നു
അവരാരും
വസ്ത്രം ധരിച്ചിരുന്നില്ല

പൊരുളറിയാത്ത 
ആ മര്‍മ്മരങ്ങള്‍
ഇവിടെ
ചേര്‍ത്തെഴുതുമ്പോഴും
ഞാന്‍ മരിച്ചിരുന്നില്ല


2014, ജനുവരി 21, ചൊവ്വാഴ്ച

ആയുധം




















അവെളെന്നോടു
കുപ്പായം
അഴിക്കാന്‍ 
ആവശ്യപ്പെട്ടപ്പോള്‍
ഞാന്‍ 
അടിവസ്ത്രം പോലും
പറിച്ചെറിഞ്ഞു

കണ്ണട മാറ്റാന്‍

പറഞ്ഞപ്പോള്‍ 
കണ്ണുകള്‍ തന്നെ 
വേണ്ടെന്നു വച്ചു

ഒടുവില്‍

ആലിംഗനത്തിന്റെ
അന്ത്യയാമത്തില്‍
ചെവിവള്ളിയിലൊരു
ചുംബനമര്‍പ്പിക്കാന്‍
ചുണ്ടു ചേര്‍ക്കവെ
അവളെന്റെ കാതില്‍
മെല്ലെ പറഞ്ഞു:

വൃഷ്ണസഞ്ചിയുടെ

തെക്കേമൂലയില്‍
ചൊറിപിടിച്ച
പാടുള്ളവനേ
എനിക്കു 
ഓക്കാനം വരുന്നു.

2014, ജനുവരി 20, തിങ്കളാഴ്‌ച

മൗനം ഒരു വിജനതയല്ല

















എനിക്കീ-
വിജനതയുടെ
മലയിറങ്ങണം

ഏകാന്തതയുടെ
സിംഫണിയില്‍ നിന്ന്
ബധിരനാവണം
ധ്യാനിക്കുമ്പോള്‍
ഒറ്റക്കാവണം

താഴ്‌വരയിലൊരു-
നഗരമുണ്ടായിരിക്കണം
ആള്‍ക്കൂട്ടമുണ്ടാവണം
അതിനിടയിലൊരു
മൗനമാകണം

2014, ജനുവരി 6, തിങ്കളാഴ്‌ച

പൂക്കളുടെ ശ്മശാനം
















അറുത്തുമാറ്റിയതൊന്നും
പൂക്കളല്ലാത്തതിനാല്‍
ആദ്യരാത്രികളെ ഞാന്‍
പൂക്കളുടെ-
ശ്മശാനമെന്നു വിളിക്കുന്നു








പരസ്പരം















കാത്തുവച്ച 
കസ്തൂരി മാമ്പഴം
കാക്ക കൊത്തിയ കാര്യം
ഇനി മിണ്ടരുത്

നീലത്തിമിംഗലം കണ്ണുവച്ച

കുഞ്ഞു സ്രാവിനെ 
നീ
പിടിച്ചു കൊണ്ടുപോയി
പൊരിച്ചു തിന്നില്ലേ...

2014, ജനുവരി 2, വ്യാഴാഴ്‌ച

പൂക്കള്‍ പറിക്കാതിരിക്കുമ്പോള്‍














ആദ്യരാത്രിയിലെ പൂക്കള്‍

കിടക്കവിരിയില്‍
ഞെരിന്നമര്‍ന്ന്
ചീഞ്ഞുനാറാന്‍ തുടങ്ങിയപ്പോഴാണ്
പൂക്കാരന്‍മുക്കിലേക്കു പോയത്

അവിടെ

നിരനിരയായ് വച്ച കുട്ടകളില്‍ 
പലതരം പൂക്കളുണ്ടായിരുന്നു
അവ മലര്‍ന്നു കിടന്നു
പുഞ്ചിരിക്കാന്‍ 
പരാജയപ്പെട്ടുകൊണ്ടിരുന്നു

അപ്പോള്‍

ശവഗന്ധം  വഹിച്ച
ഒരു കാറ്റ് 
അതിലെ കടന്നു പോയി

അറിയാത്ത വഴികള്‍ പിന്നിട്ട്

ഒടുവില്‍ എത്തിച്ചേര്‍ന്നത്
ആ പഴയ ഉദ്യാനത്തിലായിരുന്നു
ആ പൂവ് അപ്പോഴും
അവിടെ ഉണ്ടായിരുന്നു
 അതിന്റെ പേര്
പൂവ് എന്നുതന്നെയായിരുന്നു

2014, ജനുവരി 1, ബുധനാഴ്‌ച

ഒരു പെണ്ണ് മുന്നില്‍ നടക്കുമ്പോള്‍...
















പെണ്ണേ
നിനക്കെന്നെ അറിയില്ല
എന്നിട്ടും 
എനിക്കഭിമുഖമായി 
നീ നടന്നുവരുമ്പോള്‍
തട്ടത്തിന്റെ തലയെടുത്ത്
മുലമുഖത്തിട്ട് 
എന്റെ മനസ്സു വായിച്ചതില്‍
ഞാന്‍ ആശ്ചര്യപ്പെടുന്നില്ല

പെണ്ണേ

നിനക്ക് പിന്നില്‍ കണ്ണുകളില്ല
എന്നിട്ടും
നീ എന്റെ മുന്നില്‍ നടക്കുമ്പോള്‍
എന്റെ നോട്ടങ്ങളും
നിന്റെ താളത്തിനൊത്ത്
എന്റെ ഹൃദയത്തിലുണരുന്ന
നൃത്തവും
നീ കാണുന്നത്
ഏതു കണ്ണുകൊണ്ടാണ്?

ഈ ചോദ്യത്തിന് 

നീ ഉത്തരം നല്‍കിയാല്‍
എന്റെ
എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള
ഉത്തരം
ഞാനതില്‍ വായിക്കും

നല്ല വിത്ത്















ഞാന്‍
എന്നോടു തന്നെ
വെറുതെ
ഒരു കാര്യം
പറയുകയാണ്:

ദു:ഖങ്ങളൊന്നും
പങ്കുവെച്ച് 
നശിപ്പിക്കരുത്

ഹൃദയത്തില്‍ 
ഒരു കുഞ്ഞു ഖബറുണ്ടാക്കി
നല്ല വെള്ളത്തുണിയില്‍
പൊതിഞ്ഞ് 
അടക്കം ചെയ്യുക

ശേഷം
അതിന്റെ 
പതിനാറടിയന്തിരവും
ആണ്ടും
മറക്കാന്‍ കഴിഞ്ഞാല്‍

അതിനേക്കാള്‍ 
നല്ല വിത്ത്
വേറെ ഇല്ല