ആകെ പേജ്‌കാഴ്‌ചകള്‍

2014, ഒക്‌ടോബർ 14, ചൊവ്വാഴ്ച

പാതകം



















ഒരറ്റം
നഗരത്തിലേക്കും
മറ്റേ അറ്റം
കടല്‍ത്തീരത്തേക്കും
നീണ്ടു കിടക്കുന്നതായിരുന്നു ആ പാത
എന്നാല്‍
വഴിമധ്യത്തില്‍ നിന്ന് തര്‍ക്കിക്കുകയായിരുന്ന
അവര്‍
വിട്ടുവീഴ്ചക്ക് ഒരുക്കമായിരുന്നില്ല

നഗരത്തിലുള്ളവര്‍ക്ക്

കടല്‍ത്തീരത്തേക്ക് പോകാനുള്ളതാണതെന്ന്
ഒരാളും
കടല്‍ത്തീരത്തുള്ളവര്‍ക്ക്
നഗരത്തിലേക്ക് വരാനുള്ളതാണതെന്ന്
മറ്റേയാളും
ശഠിച്ചുകൊണ്ടേയിരുന്നു
ഞാന്‍
കേട്ടുനിന്നതേയുള്ളൂ

യഥാര്‍ത്ഥത്തില്‍

സമുദ്രത്തിനും നഗരത്തിനും
എന്റെ വീട്ടിലക്ക് വരാനായി
ഞാന്‍ നിര്‍മ്മിച്ചതായിരുന്നു
ആ പാത

2014, ഒക്‌ടോബർ 13, തിങ്കളാഴ്‌ച

അമാവാസികള്‍ ഉണ്ടായത്




















അയാള്‍ 
ചൂണ്ടിയത്
നിലാവിലേക്കായിരുന്നു
പക്ഷെ;
അവര്‍ കണ്ടത് 
വിരലായിരുന്നു

അങ്ങനെയാണയാള്‍
നിലാവായത്‌

പ്രണയാനന്തരം


















സത്യം പറയുകയാണെങ്കില്‍
ആദ്യ ചുംബനത്തില്‍ തന്നെ
നമ്മുടെ പ്രണയം
അവസാനിച്ചിരുന്നു

പകലിനെ രാവാക്കിയ 
അന്നത്തെ സഹശയനം 
നീ ഓര്‍ക്കുന്നില്ലേ?
അന്ന്
ഞാന്‍ നിന്നിലേക്കാണോ
അതോ
നീ എന്നിലേക്കാണോ
പ്രവേശിച്ചത്

എന്നിട്ടും 
പഴയ പ്രണയമില്ലെന്ന
പരിഭവമെന്തിന്
ഞാന്‍ എന്നെ പ്രണയിക്കുകയോ?

2014, ഒക്‌ടോബർ 7, ചൊവ്വാഴ്ച

പൊട്ടിത്തെറി മാത്രം അനിവാര്യമായ ഈ രാത്രിയില്‍...
















മൗനമേ
നിനക്കായ് ഞാന്‍
കൊതിച്ചിട്ടുണ്ട്
വാതില്‍ തുറന്നുവച്ച് 
കാത്തിരുന്നിട്ടുണ്ട്
അലറിവിളിച്ചിട്ടുണ്ട്
അപ്പോഴൊന്നും ഈവഴി വരാതെ
ഇന്നത്തെ,
ഈ അനവസരത്തിലുള്ള നിന്റെ ആശ്ലേഷണം
എന്നെ ലജ്ജിപ്പിക്കുന്നു

പൊട്ടിത്തെറി മാത്രം അനിവാര്യമായ

ഈ കറുത്തരാത്രിയില്‍
ഹിമക്കട്ടകള്‍ കൊണ്ടു പണിത ഖബറിലാണല്ലോ
നീ എന്നെ ഒളിപ്പിച്ചിരിക്കുന്നത്
ഈ മരവിപ്പ്
എനിക്ക് മരണം തന്നെയാണ്

ഇനിയെന്നെ ഉണര്‍ത്തരുത്

ഞാന്‍ പകലിന്റെ മുഖത്തുനോക്കാന്‍
അവകാശമില്ലാത്തവനായിരിക്കുന്നു

ഒരിക്കല്‍ കൂടി മരിക്കുകയാണെങ്കില്‍...


















ഒരിക്കല്‍ കൂടി 
ജനിക്കുകയാണെങ്കില്‍
എന്നെ
പച്ചവെള്ളത്തിന്റെ രുചിയോ
മഴയുടെ നിറമോ 
ആരും പഠിപ്പിക്കരുത്
ഇത് പൂവാണെന്നോ
അത് പുഴയാണെന്നോ 
പറഞ്ഞുതരരുത്

ആകാശത്തേക്കോ 
ആഴിയിലേക്കോ നോക്കാന്‍ 
പ്രേരിപ്പിക്കരുത്
നിലാവിനെയും നക്ഷത്രങ്ങളെയും
കാട്ടിത്തരരുത് 
പള്ളിയിലോ പള്ളിക്കൂടത്തിലോ 
പാര്‍ട്ടിയിലോ ചേര്‍ക്കരുത്

പുരോഹിതന്മാരെയും 
എഴുത്തുകാരെയും 
പരിചയപ്പെടുത്തരുത്
ദൈവത്തെക്കുറിച്ച്
ഒന്നും അറിയാന്‍ ഇടവരരുത്
പ്രണയത്തെക്കുറിച്ചോ
മരണത്തെക്കുറിച്ചോ
മിണ്ടരുത്
ജീവിതമെന്ന വാക്ക് പോലും
കേള്‍പ്പിക്കരുത്

ഒരിക്കല്‍ കൂടി
ഒരു പുല്ലും  അറിയാതെ മരിക്കാന്‍
എനിക്കു വയ്യ