ആകെ പേജ്‌കാഴ്‌ചകള്‍

2013, ഡിസംബർ 30, തിങ്കളാഴ്‌ച

നീ അരികിലുള്ളപ്പോള്‍
















ഞാന്‍ കടല്‍തീരത്ത്
പോകുന്നില്ല
കലണ്ടര്‍ 
നോക്കുന്നില്ല

നിന്റെ കണ്ണുകളില്‍- 
കാണുന്നു
കടലും കാലവും

നീ ഇമയനക്കുമ്പോള്‍
ഞാന്‍ ശിശിരമാകുന്നു
വസന്തം 
പൂ ചൂടുന്നു

ആ മിഴികള്‍ 
അടയരുതേ
ഞാന്‍ 
അന്ധനായിപ്പോകും

2013, ഡിസംബർ 21, ശനിയാഴ്‌ച

കടല്‍ ഒരു ശ്മശാനമല്ല














നദികളേ
പുഴകളേ
അരുവികളേ
ഓരോ തിരയിലും
നിങ്ങളുടെ 
നൃത്തച്ചുവടുകളറിയുമ്പോള്‍
ഞാന്‍ 
തിരുത്തുന്നു:
കടല്‍
ഒരു ശ്മശാനമല്ല

2013, ഡിസംബർ 19, വ്യാഴാഴ്‌ച

ഒഴുകാന്‍ കൊതിക്കുന്നവന്റെ പ്രാര്‍ത്ഥന











കുമ്പസാരക്കൂടുകള്‍
ചീഞ്ഞുനാറുമ്പോള്‍
അണക്കെട്ടുകള്‍ക്ക്
വീര്‍പ്പുമുട്ടുമ്പോള്‍
പ്രളയമേ
നീയാണെന്റെ-
പ്രണയിനി

2013, ഡിസംബർ 15, ഞായറാഴ്‌ച

സമയമാകുമ്പോള്‍...















വാതിലുകളെല്ലാം
ചുമരുകളായല്ലോ
വഴികളെല്ലാം 
മാഞ്ഞുപോയല്ലോ
ഞാന്‍ 
പുറപ്പെടുകയാണെന്നു
തോന്നുന്നു

ശ്മശാനത്തിലേക്കൊഴുകുന്ന നദി












ഞാന്‍ 
ശ്മശാനത്തിലേക്കൊഴുകുന്ന 
ഒരു നദി
ഈ ഓളങ്ങളൊക്കെയും
ഒഴുക്കിന്റെ
താളം

2013, ഡിസംബർ 5, വ്യാഴാഴ്‌ച

നദീതടങ്ങളില്‍...


















1
ഞാന്‍
നിന്നിലേക്കൊരു
പാലം
പണിയാനിരിക്കെയാണ്
നമുക്കിടയിലെ പുഴ
വറ്റിയത്

2
നീ 
പാതിമയക്കത്തില്‍
കാണാതായ മയില്‍പ്പീലി തിരയുമ്പോള്‍
ഞാന്‍
നാലുവരിപ്പാത വിഴുങ്ങിയ ഇടവഴിയുടെ
ഇലഞ്ഞിപ്പൂമണമുള്ള
മൂന്നാമത്തെ വളവിലായിരുന്നു

3
ഞാനും നീയും ഇല്ലാത്ത
കാലത്തിലേക്കായിരുന്നു 
പുറപ്പെട്ടത്
എത്തിച്ചേര്‍ന്നിടത്താകട്ടെ
നീ മാത്രം

4
നീല്‍ ആംസ്‌ട്രോംഗ്
ചന്ദ്രനില്‍ പാറയാണെന്ന്
കണ്ടെത്തുന്നതിനുമുമ്പ് തന്നെ
ഞാനവളെ
നിലാവേ
എന്നു വിളിച്ചിരുന്നു

5
ഒരു മുറിക്കുള്ളില്‍
ഒറ്റമരമാവാന്‍ പോയവര്‍
പുണര്‍ന്നു പുണര്‍ന്നു
പല മരങ്ങളായി

6
ഞാന്‍
വെടിമരുന്നുശാലയിലിരുന്ന്
ഒരു സിഗരറ്റിന്
തീ കൊളുത്തുകയാണ്‌

2013, ഡിസംബർ 4, ബുധനാഴ്‌ച

കുഴല്‍കിണര്‍




















ക്വട്ടേഷനും സ്‌കെച്ചും
പഴഞ്ചന്‍
അവന്റെ
അയല്‍പക്കത്തെ
കുന്നുവാങ്ങി നിരപ്പാക്കി
ഒരു
കുഴല്‍കിണര്‍ കുഴിക്കുക

2013, ഡിസംബർ 3, ചൊവ്വാഴ്ച

കാറ്റില്‍നിന്ന് യുദ്ധമുണ്ടാക്കുന്ന വീട്‌















ചിത്രം മാഞ്ഞുപോയ
ശലഭങ്ങളോടൊപ്പം പോയാല്‍
കാറ്റില്‍ നിന്ന് യുദ്ധമുണ്ടാക്കുന്ന
വീട്ടിലെത്താം



പെയ്യാത്ത മേഘങ്ങളേ...












പെയ്യാത്ത മേഘങ്ങളേ
നിങ്ങള്‍
പൊട്ടിത്തെറിക്കാന്‍ വെമ്പുന്ന
അഗ്നിപര്‍വ്വതങ്ങെളെങ്കിലും
ആയിരുന്നെങ്കില്‍
ഞാന്‍ നിങ്ങളെ
സ്‌നേഹിക്കുമായിരുന്നു

2013, ഡിസംബർ 2, തിങ്കളാഴ്‌ച

ഞാന്‍ നിന്നെ ചുംബിക്കുമ്പോള്‍















ഞാന്‍ നിന്നെ
ചുംബിക്കുമ്പോള്‍
ഈ പ്രപഞ്ചത്തില്‍
പലതും സംഭവിക്കുന്നുണ്ട്

രണ്ട്

അഴുക്കുചാലുകള്‍
ഒന്നാവുന്നുണ്ട്

ശീതജലപ്രവാഹങ്ങള്‍

ഉഷ്ണജലപ്രവാഹവുമായി
ഐക്യപ്പെടുന്നുണ്ട്

ലോകസമാധാനത്തിന്

ഒരു ചുംബനത്തിന്റെ
ദൈര്‍ഘ്യത്തോളം
സമയം
അടയാളപ്പെടുത്തുന്നുണ്ട്

മേഘക്കുരുക്കുരുക്കില്‍ നിന്ന്

സൂര്യന്‍
മെല്ലെ എത്തിനോക്കുന്നുണ്ട്

സ്‌ഫോടനങ്ങള്‍ക്കിടയില്‍

മൗനം
കനക്കുന്നുണ്ട്

മൗനത്തിന്റെ ചില്ലയില്‍

കിനാവുകള്‍
കൂടുകൂട്ടുന്നുണ്ട്

കുഞ്ഞുങ്ങള്‍

വന്‍കരകള്‍ തമ്മിലൊരു
പാലം വരക്കുന്നുണ്ട്

ഞാന്‍ നിന്നെ

ചുംബിച്ചുക്കുമ്പോള്‍
ഈ പ്രപഞ്ചം
അങ്ങനെ പലതും
തെറ്റിദ്ധരിക്കുന്നുണ്ട്‌

2013, ഡിസംബർ 1, ഞായറാഴ്‌ച

അന്നൊരു പൊട്ടക്കിണറ്റില്‍ വച്ച്

















അന്നൊരു-
പൊട്ടക്കിണറ്റില്‍ വച്ച്
എനിക്കൊരു 
തക്കാളി തവളയെ കിട്ടി
അവള്‍ക്കൊരു 
ബോണ്‍സായിയും

സ്വപ്നം കാണുമ്പോള്‍




















സ്വപ്നം കാണുമ്പോള്‍
ശവകുടീരങ്ങളും
മരിച്ച കാര്യം
മറന്നു പോകും