ആകെ പേജ്‌കാഴ്‌ചകള്‍

2015, ജൂൺ 26, വെള്ളിയാഴ്‌ച

നഗരത്തിനും കടലിനും ഇടയിലെ വഴി
















ഒരറ്റം 
നഗരത്തിലേക്കും
മറ്റേ അറ്റം 
കടല്‍ത്തീരത്തേക്കും 
നീണ്ടു കിടക്കുന്നതായിരുന്നു ആ പാത
എന്നാല്‍ 
വഴിമധ്യത്തില്‍ നിന്ന് തര്‍ക്കിക്കുകയായിരുന്ന
അവര്‍ 
വിട്ടുവീഴ്ചക്ക് ഒരുക്കമായിരുന്നില്ല

ആ പാത
നഗരത്തിലുള്ളവര്‍ക്ക്
കടല്‍ത്തീരത്തേക്ക് പോകാനുള്ളതാണതെന്ന്
ഒരാളും
കടല്‍ത്തീരത്തുള്ളവര്‍ക്ക്
നഗരത്തിലേക്ക് വരാനുള്ളതാണതെന്ന്
മറ്റേയാളും 
ശഠിച്ചുകൊണ്ടേയിരുന്നു
ഞാന്‍ 
കേട്ടുനിന്നതേയുള്ളൂ

യഥാര്‍ത്ഥത്തില്‍ 
സമുദ്രത്തിനും നഗരത്തിനും
എന്റെ വീട്ടിലക്ക് വരാനായി
ഞാന്‍ നിര്‍മ്മിച്ചതായിരുന്നു
ആ പാത

2015, മേയ് 6, ബുധനാഴ്‌ച

ജനല്‍ച്ചിത്രം















ഒരു ജനല്‍ തുറന്നിടുകയെന്നാല്‍
ആരോ ഒരാള്‍ ഒരു ചുമരില്‍
ഒരു ചിത്രം വരച്ചുകൊണ്ടിരിക്കലാണ്

അതില്‍ 
പൂക്കള്‍ വിരിയും
തെങ്ങോലകളാടും
കുരുവികള്‍ കൂടുകൂട്ടും
മേഘങ്ങള്‍ കനക്കും
മഴനൂലുകള്‍ കുളിരു നെയ്യും
വെയില്‍ പുഞ്ചിരിക്കും
മഞ്ഞ് മറകെട്ടും


പകല്‍ പൊഴിയും
രാത്രി പൂക്കും
പൗര്‍ണ്ണമി
അമാവാസിയുമായി ഇണചേരും
മിസൈലുകള്‍
നക്ഷത്രങ്ങളെ ചുംബിക്കും
തുമ്പികള്‍ ഡ്രോണുകളാവും

അപ്പോള്‍
ചിത്രത്തില്‍ നിന്ന്
ഒരു ഇയര്‍ഫോണ്‍ നീണ്ടുവരും
അതിലൂടെ
ഒരു നിലവിളി ഒഴുകിവരും
ചിത്രമപ്പോള്‍
തീപ്പിടിച്ച ഒരു ചുമരാവും

തുറന്നിട്ട ജാലകം
ഒരിക്കലും വരച്ചുതീരാത്ത
ഒരു ചിത്രമാണ്

2015, മേയ് 5, ചൊവ്വാഴ്ച

ഒറ്റമരം















ഒറ്റക്കു നില്‍ക്കുന്ന ആ മരം 
ഞാനല്ല; 
അഥവാ ഞാനാണെങ്കില്‍ 
അത് നീയുമാണ്
മാത്രമല്ല; 
ആ മരം കൂടിയാണ്.
അതിനാല്‍ അതൊരു 
ഒറ്റമരമല്ല

2015, മാർച്ച് 3, ചൊവ്വാഴ്ച

മൗനത്തിന്റെ നാവ്
















പണ്ടൊക്കെ
വാക്കിനെയായിരുന്നു ഭയം
പള്ളിയിലും പള്ളിക്കൂടത്തിലും
കിടപ്പറയിലും ശ്മശാനത്തിലും
അതെന്റെ തുണിയഴിച്ചു
കള്ളം ചിന്തിക്കും മുമ്പേ
ഉള്ളം എഴുന്നള്ളിച്ചു
അങ്ങനെ എന്റെ കച്ചവടം
പൂട്ടിപ്പോയപ്പോഴാണ്
ഞാനതിനെ
ചിത്തരോഗാസ്പത്രിയില്‍ പ്രവേശിപ്പിച്ചത്

ഷോക്കടിപ്പിച്ചതിന്റെ 
ക്ഷീണമുണ്ടായിരുന്നെങ്കിലും
മടങ്ങിവന്ന വാക്ക്
മാന്യനും 
അല്പം മൗനിയുമായിരുന്നു
എനിക്ക് പക്വതയെത്തിയതായി 
കുടുംബക്കാരും
ദൈവത്തോടടുത്തതായി
പള്ളിക്കാരും
സമവായക്കാരനായതായി
പാര്‍ട്ടിക്കാരും 
പ്രശംസിച്ചു

പിന്നീടങ്ങോട്ട് 
വാക്കുകള്‍ക്കായിരുന്നു ഭയം
പറഞ്ഞുകൊണ്ടിരിക്കെ 
അത് ഒളിച്ചുകളിച്ചു
മൗനം നാക്കു നീട്ടാന്‍ തുടങ്ങി
ഒടുവില്‍
വാക്കുണ്ടായിരുന്നിടത്തെല്ലാം
മൗനം അട്ടഹസിച്ചു
പ്രശംസിച്ചവരെല്ലാം 
ധിക്കാരിയെന്ന് ചാപ്പകുത്തി

ഞാനിപ്പോള്‍ 
ഒരറവുശാല
കൊല്ലുന്നതും കൊല്ലിക്കുന്നതും 
കൊല്ലപ്പെടുന്നതും ഞാന്‍ തന്നെ
മിഴികളില്‍ 
മൗനം മുറിപ്പെടുത്തിയ
ഒരു കഠാരയുടെ ചോര


2014, ഡിസംബർ 16, ചൊവ്വാഴ്ച

ഒരു കവിള്‍ പുക പോലെ...



















എല്ലാ മലയുടെ മുകളിലുമൊരു
ചായക്കടയുണ്ടായിരിക്കണം
അവിടെയൊരു
കാലുറക്കാത്ത ബെഞ്ചുണ്ടാവണം
അതിലിരുന്ന്,
കടുപ്പത്തിലൊരു ചായ കുടിക്കണം

അതിനരികിലായൊരു-
പച്ചമര ത്തണലുണ്ടായിരിക്കണം
അതിന്റെ കുളിരിലിരുന്നൊരു
ബീഡി വലിക്കണം
താഴോട്ടു നോക്കണം
കിതച്ചു കയറിയ വഴികളൊക്കെയും 
കുതിച്ചിറങ്ങുന്നതും
മലയിറങ്ങും യാത്രികര്‍ 
മാഞ്ഞുപോകുന്നതും കാണണം
ആകാശം
മലമുകളിലല്ലെന്നറിയണം

ഒടുവിലൊരു കവിള്‍ പുകയായ്
മേഘങ്ങളിലലിയണം
മഴയായ് പെയ്യുകില്‍
വീണ്ടും മുളക്കുകില്‍
പിന്നെയുമൊരു മല കയറണം

2014, നവംബർ 12, ബുധനാഴ്‌ച

ഒരു തുറമുഖത്തിന്റെ യാത്രാമൊഴി
















എന്റെ തുറമുഖത്തു നിന്നും
ഒരു കപ്പല്‍ കൂടി പുറപ്പെടാന്‍
സമയമായിരിക്കുന്നു
പോകേണ്ടവരായി
മറ്റാരും അവശേഷിക്കാത്തതിനാല്‍
ഇത് 
അവസാനത്തെ കപ്പലാണ്

കലണ്ടര്‍ നോക്കാതെ പൂക്കുന്ന 
മരങ്ങളെയും
ദേശം തെറ്റി പെയ്യുന്ന മഴയെയും
പാകമാകാത്ത കുപ്പായങ്ങളെയും
കയറുപൊട്ടിച്ച കാറ്റിനെയും
ആചാരം തെറ്റിച്ച
പൂക്കളെയും ശലഭങ്ങളെയും
ഈ കപ്പലില്‍
കൊണ്ടുപോവുകയാണ്;
ഇനിയും ജനിക്കാത്ത
ദ്വീപിലേക്ക്

വധിക്കപ്പെട്ട ഘടികാരങ്ങളിലേക്ക് 
ആത്മാവുകള്‍ മടങ്ങിയെത്തും വരെ
ഈ കപ്പല്‍
കടലിന്റെ ഗര്‍ഭപാത്രം

പോകാനാരുമില്ലാത്ത നാട്ടിലേക്ക്
ആരും വരാനില്ലെന്ന പ്രതീക്ഷയോടെ 
ഈ തുറമുഖവും
ഇതാ 
കപ്പല്‍ കയറുകയാണ്


2014, ഒക്‌ടോബർ 14, ചൊവ്വാഴ്ച

പാതകം



















ഒരറ്റം
നഗരത്തിലേക്കും
മറ്റേ അറ്റം
കടല്‍ത്തീരത്തേക്കും
നീണ്ടു കിടക്കുന്നതായിരുന്നു ആ പാത
എന്നാല്‍
വഴിമധ്യത്തില്‍ നിന്ന് തര്‍ക്കിക്കുകയായിരുന്ന
അവര്‍
വിട്ടുവീഴ്ചക്ക് ഒരുക്കമായിരുന്നില്ല

നഗരത്തിലുള്ളവര്‍ക്ക്

കടല്‍ത്തീരത്തേക്ക് പോകാനുള്ളതാണതെന്ന്
ഒരാളും
കടല്‍ത്തീരത്തുള്ളവര്‍ക്ക്
നഗരത്തിലേക്ക് വരാനുള്ളതാണതെന്ന്
മറ്റേയാളും
ശഠിച്ചുകൊണ്ടേയിരുന്നു
ഞാന്‍
കേട്ടുനിന്നതേയുള്ളൂ

യഥാര്‍ത്ഥത്തില്‍

സമുദ്രത്തിനും നഗരത്തിനും
എന്റെ വീട്ടിലക്ക് വരാനായി
ഞാന്‍ നിര്‍മ്മിച്ചതായിരുന്നു
ആ പാത

2014, ഒക്‌ടോബർ 13, തിങ്കളാഴ്‌ച

അമാവാസികള്‍ ഉണ്ടായത്




















അയാള്‍ 
ചൂണ്ടിയത്
നിലാവിലേക്കായിരുന്നു
പക്ഷെ;
അവര്‍ കണ്ടത് 
വിരലായിരുന്നു

അങ്ങനെയാണയാള്‍
നിലാവായത്‌

പ്രണയാനന്തരം


















സത്യം പറയുകയാണെങ്കില്‍
ആദ്യ ചുംബനത്തില്‍ തന്നെ
നമ്മുടെ പ്രണയം
അവസാനിച്ചിരുന്നു

പകലിനെ രാവാക്കിയ 
അന്നത്തെ സഹശയനം 
നീ ഓര്‍ക്കുന്നില്ലേ?
അന്ന്
ഞാന്‍ നിന്നിലേക്കാണോ
അതോ
നീ എന്നിലേക്കാണോ
പ്രവേശിച്ചത്

എന്നിട്ടും 
പഴയ പ്രണയമില്ലെന്ന
പരിഭവമെന്തിന്
ഞാന്‍ എന്നെ പ്രണയിക്കുകയോ?

2014, ഒക്‌ടോബർ 7, ചൊവ്വാഴ്ച

പൊട്ടിത്തെറി മാത്രം അനിവാര്യമായ ഈ രാത്രിയില്‍...
















മൗനമേ
നിനക്കായ് ഞാന്‍
കൊതിച്ചിട്ടുണ്ട്
വാതില്‍ തുറന്നുവച്ച് 
കാത്തിരുന്നിട്ടുണ്ട്
അലറിവിളിച്ചിട്ടുണ്ട്
അപ്പോഴൊന്നും ഈവഴി വരാതെ
ഇന്നത്തെ,
ഈ അനവസരത്തിലുള്ള നിന്റെ ആശ്ലേഷണം
എന്നെ ലജ്ജിപ്പിക്കുന്നു

പൊട്ടിത്തെറി മാത്രം അനിവാര്യമായ

ഈ കറുത്തരാത്രിയില്‍
ഹിമക്കട്ടകള്‍ കൊണ്ടു പണിത ഖബറിലാണല്ലോ
നീ എന്നെ ഒളിപ്പിച്ചിരിക്കുന്നത്
ഈ മരവിപ്പ്
എനിക്ക് മരണം തന്നെയാണ്

ഇനിയെന്നെ ഉണര്‍ത്തരുത്

ഞാന്‍ പകലിന്റെ മുഖത്തുനോക്കാന്‍
അവകാശമില്ലാത്തവനായിരിക്കുന്നു

ഒരിക്കല്‍ കൂടി മരിക്കുകയാണെങ്കില്‍...


















ഒരിക്കല്‍ കൂടി 
ജനിക്കുകയാണെങ്കില്‍
എന്നെ
പച്ചവെള്ളത്തിന്റെ രുചിയോ
മഴയുടെ നിറമോ 
ആരും പഠിപ്പിക്കരുത്
ഇത് പൂവാണെന്നോ
അത് പുഴയാണെന്നോ 
പറഞ്ഞുതരരുത്

ആകാശത്തേക്കോ 
ആഴിയിലേക്കോ നോക്കാന്‍ 
പ്രേരിപ്പിക്കരുത്
നിലാവിനെയും നക്ഷത്രങ്ങളെയും
കാട്ടിത്തരരുത് 
പള്ളിയിലോ പള്ളിക്കൂടത്തിലോ 
പാര്‍ട്ടിയിലോ ചേര്‍ക്കരുത്

പുരോഹിതന്മാരെയും 
എഴുത്തുകാരെയും 
പരിചയപ്പെടുത്തരുത്
ദൈവത്തെക്കുറിച്ച്
ഒന്നും അറിയാന്‍ ഇടവരരുത്
പ്രണയത്തെക്കുറിച്ചോ
മരണത്തെക്കുറിച്ചോ
മിണ്ടരുത്
ജീവിതമെന്ന വാക്ക് പോലും
കേള്‍പ്പിക്കരുത്

ഒരിക്കല്‍ കൂടി
ഒരു പുല്ലും  അറിയാതെ മരിക്കാന്‍
എനിക്കു വയ്യ

2014, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

ദൈവത്തിന്റെ ഇറച്ചി



















മുസാഫിര്‍
ഇന്ന് വെള്ളിയാഴ്ചയാണ്
നീ 
പാക്കിസ്ഥാനിലോ ബംഗ്ലാദേശിലോ ആണെങ്കില്‍
ദയവായി പള്ളിയില്‍ പോകരുത്

സിറിയയിലോ ലിബിയയിലോ
തുര്‍ക്കിയിലോ ആണെങ്കില്‍ 
കുഞ്ഞുങ്ങളെ ആലിംഗനം ചെയ്യുകയോ
മുല്ലപ്പൂക്കളെ ചുംബിക്കുകയോ അരുത്

അമേരിക്കയിലോ യൂറോപ്പിലോ പോകാന്‍
നിനക്ക് നാണമാകുന്നുണ്ടെങ്കില്‍
ബാങ്കോക്കിലോ മക്കാവോയിലോ പോയി 
അര്‍മാദിക്കുക

മുസാഫിര്‍
ആ പഴയ ഇഷ്ടം നിനക്ക്-
ഇപ്പോഴും എന്നോടും ബീഫിനോടുമുണ്ടെങ്കില്‍
ദയവായി ഇങ്ങോട്ടു വരരുത്‌

2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

രണ്ട് ആത്മാവുകള്‍ ഒരു സത്രത്തിലിരുന്ന് കടല കൊറിക്കുന്നു




















1
ഞാനും അമ്മിണിയേടത്തിയും
എന്റെ ശവകുടീരത്തിനരികിലെ
ഇലഞ്ഞിച്ചോട്ടിലിരുന്ന് 
നേരമ്പോക്ക് പറയുകയായിരുന്നു
അപ്പോള്‍ 
പൂക്കളുടെ ആത്മാവുകളോട് സല്ലപിച്ചുകൊണ്ട്
എന്റെ ഒരു പഴയ ചങ്ങാതി അതിലേ പറന്നുപോയി

2
എനിക്ക് കത്തുന്ന കവിതകള്‍ വായിക്കണം
സച്ചിദാനന്ദനോ ചുള്ളിക്കാടോ ശങ്കരപിള്ളയോ
അയ്യപ്പനോ കുഴൂരോ തീക്കുനിയോ 
ആരെയാണ്  വായിക്കേണ്ടതെന്ന്   
ഒരിക്കല്‍ അവന്‍ എന്നോട് ചോദിച്ചത് 
അപ്പോള്‍ എനിക്കോര്‍മ്മ വന്നു
ആംഗലേയ കവികളുടെയും 
മഹാകവികളുടെയും പേരുകള്‍ 
അവന്‍ പറഞ്ഞില്ലല്ലോ എന്ന് 
ഇംഗ്ലീഷും വൃത്തവും അറിയാത്ത ഞാന്‍
അവനറിയാതെ സമാധാനിച്ചതും ഓര്‍ക്കുന്നു

3

സച്ചിദാനന്ദന് കേന്ദ്ര സാഹിത്യ അക്കാദമിയിലും
ചുള്ളിക്കാടിന് സീരിയലിലും 
കുഴൂരിന് ചാനലിലും പണിയുണ്ട്
ശങ്കരപിള്ള കോളജില്‍ മാഷായിരുന്നു
ഇപ്പോള്‍ പെന്‍ഷനുണ്ടാവും
കടലില്‍ മീനുള്ള കാലത്തോളം 
തീക്കുനിയെക്കുറിച്ച് ആധിയില്ല
അയ്യപ്പനെ വായിക്കാമായിരുന്നു
പക്ഷെ മരിച്ചുപോയി, ഇനി വായിച്ചിട്ടെന്ത്
തന്തയില്ലാത്ത-
രണ്ട് പിള്ളേരെ പോറ്റാന്‍ പാടുപെടുന്ന
പുറമ്പോക്കിലെ
അമ്മിണിയേടത്തിയെ വായിക്കാന്‍
ഞാന്‍ അവനോട് പറഞ്ഞു
ഏടത്തീ അവന്‍ അതിലേ വന്നിരുന്നുവോ?

4

ഓരോന്ന് ഓര്‍ത്തും പറഞ്ഞും
നേരം പോയതറിഞ്ഞില്ല
സായാഹ്നം നട്ടുച്ചയിലേക്ക് വളരാന്‍ തുടങ്ങി
അമ്മിണിയേടത്തിയുടെ കണ്ണുകളില്‍
കാലം സജലമായി
കാഞ്ഞിര മരത്തിന്റെയും
മൈലാഞ്ചിച്ചെടിയുടെയും ഇടയിലൂടെ
ചെമ്പകച്ചോട്ടിലെ ചാരക്കൂനയിലേക്ക് ചൂണ്ടി
അവര്‍ അവനെഴുതിയ കവിതകള്‍ 
ഉച്ചത്തില്‍ വായിക്കാന്‍ തുടങ്ങി

2014, ജൂലൈ 8, ചൊവ്വാഴ്ച

സ്മാരകം













അന്നേരത്തെ ചുംബനത്തില്‍
വേര്‍പെട്ടുപോയ
ഒരു ചുണ്ട്
ഉറുമ്പുകളുടെ മഞ്ചലില്‍ കയറി
അടുക്കളയിലേക്കു പോകുന്നു


ഈച്ചകളുടെ തീന്മേശ
ആവിപറക്കുന്ന ഒരത്താഴത്തിന്
കൈകഴുകുന്നു


ഞാന്‍ കണ്ണാടി നോക്കുന്നു
നീ അറപ്പോടെ
അത് തുപ്പിക്കളഞ്ഞപ്പോള്‍
എന്റെ മുഖം
എനിക്കു സ്വന്തമായതായി
ഞാനറിയുന്നു



2014, ജൂലൈ 1, ചൊവ്വാഴ്ച

സോപാധികം












ചെമ്പരത്തിയെ
അവള്‍ക്കിഷ്ടമാണ്;
അതില്‍ 
പനിനീര്‍ പൂവ്   
വിരിയുമെങ്കില്‍...

2014, ജൂൺ 3, ചൊവ്വാഴ്ച

രാവുദിക്കുമ്പോള്‍...

















രാത്രി
ഒരു വിശുദ്ധ വെളിച്ചമാണ്
അവിടെ 
ഞാനും നീയും 
സന്നിഹിതരാണ്
അല്പമെങ്കിലും പിരിചിതരാണ്

രാത്രി 
ഒരു ഉണര്‍ച്ചയാണ്
അവിടെ
എനിക്ക്
ഞാനല്ലാതാവാനുണ്ട്
എല്ലാവര്‍ക്കും
ഒന്നുമല്ലാതാവാനുണ്ട്

രാത്രി
ഒരു വൃക്ഷമാണ്
അവിടെ
തളിര്‍ക്കാനും പൂക്കാനും
മൂക്കാനും പഴുക്കാനുമുണ്ട് 
വിടരാനും കൊഴിയാനുമുണ്ട്

രാത്രി
ഒരു മഴയും കുടയുമാണ്
ഒരേ മഴയില്‍ നനയലും
നനയാതിരിക്കലുമാണ് 

രാത്രിയില്‍
ഒരു വിളക്കു കൊളുത്തുകയെന്നാല്‍
പകലിനെ
ഇരുട്ട് പുതപ്പിക്കുന്നതു പോലെയാണ്‌

2014, മേയ് 30, വെള്ളിയാഴ്‌ച

നാരങ്ങമിഠായി ഉണ്ടാക്കുന്ന വിധം
















പുതപ്പുരിയപ്പെട്ട
രാതികള്‍
പുതച്ചുകിടത്തിയ 
പകലുകള്‍

അതെ,
അതൊരു-
പുതപ്പു മാത്രമായിരുന്നു

കലാപങ്ങളെ
ഇങ്ങനെയും എഡിറ്റു ചെയ്യാം

ഇങ്ങനെയും ചിതയൊരുക്കാം
















അവര്‍
പൂട്ട് പൊളിച്ച്‌ അകത്തു കയറുകയോ
തേടിവന്ന് വാതിലില്‍ മുട്ടുകയോ
ചെയ്തിരുന്നില്ല;
നമ്മള്‍
അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു

അതിനാല്‍
ഈയാമ്പാറ്റകളെ 
ഇനിമുതല്‍
വിഡ്ഢികളെന്ന് വിളിക്കരുത്

2014, മേയ് 8, വ്യാഴാഴ്‌ച

കുപ്പായമില്ലാത്ത കാലത്ത്...















കുപ്പായങ്ങള്‍
നരക്കും
കീറും
അഴിക്കാത്തപക്ഷം 
താനേ അഴിയും
അതിനാല്‍
കുപ്പായങ്ങള്‍ തമ്മിലുള്ളതിനെ 
ഞാന്‍ പ്രണയമെന്നു വിളിക്കുന്നില്ല

കുപ്പായമില്ലാത്ത ഞാന്‍
കുപ്പായമിട്ട നീന്നോടൊപ്പമില്ലെങ്കിലും
കുപ്പായമില്ലാത്ത നീ
കുപ്പായമിട്ട എന്നോടൊപ്പമില്ലെങ്കിലും
ഞാനതിനെ 
വിരഹമെന്നും വിളിക്കില്ല

കുപ്പായമില്ലാത്ത കാലത്ത്
നാമിരുവരുമൊന്നിച്ചൊരു-
പൂവിന്റെ 
കണ്ണില്‍ നോക്കിയിരിക്കുകയാണെങ്കില്‍ 
മറ്റാരെങ്കിലുമതിനെ
പ്രണയമെന്നു വിളിക്കട്ടെ


2014, ഏപ്രിൽ 22, ചൊവ്വാഴ്ച

ഒമര്‍ ഖയ്യാമിന് ഒരു കുടിയൊഴിപ്പിക്കല്‍ നോട്ടീസ്‌
















ഒമര്‍ ഖയ്യാം
നീ ഇപ്പോള്‍ 
പടിയിറങ്ങണം

എന്റെ 

ആര്‍ത്തിയും ആസക്തിയും
നിര്‍വ്വീര്യമാക്കി
ഇനിയും നിന്നെ സഹിക്കാന്‍
എനിക്കാവില്ല

പൂമുഖത്തെ 

കസേരയിലോ കണ്ണാടിക്കൂട്ടിലോ
എത്രകാലം വേണമെങ്കിലും 
നിനക്ക് അലങ്കാരമാകാമായിരുന്നു

പക്ഷെ; നീ

അക്കങ്ങള്‍ മാത്രം വേവുന്ന
എന്റെ അടുക്കളയില്‍
പ്രണയത്തിന്റെ അടുപ്പുകൂട്ടി

ശീതീകരിച്ചതും മാംസളവുമായ 

എന്റെ കിടപ്പറ
വിരഹത്തിന്റെ വറചട്ടിയാക്കി

കണ്ണുരുട്ടുന്നവന്റെ 

തലയെടുക്കാന്‍ കരുതിവെച്ച
വെടിമരുന്നു നീ 
വീഞ്ഞാക്കി മാറ്റി
എന്നെ കുടിപ്പിച്ചു

ഉന്മത്തനായ ഞാനിന്ന്

ഒരു വെടിക്കു
മരുന്നില്ലാത്തവന്‍

ഒമര്‍ ഖയ്യാം

ഇത് എന്റെ മാത്രം വീടാണ്
നീ ഇനിയും പുറപ്പെടാത്ത പക്ഷം
പാളം തെറ്റിയ ഒരു തീവണ്ടിയോട് 
ഇതുവഴി വരാന്‍ ഞാന്‍ പറയും


2014, ഏപ്രിൽ 20, ഞായറാഴ്‌ച

കണ്ണാടി




ആഴങ്ങളില്‍
ഒരു ആകാശമുണ്ടായിരിക്കണം
അവിടെ 
നിലാവും നക്ഷത്രങ്ങളുമുണ്ടായിരിക്കണം
വേരുകള്‍ യാത്രപോകുന്നത്
അങ്ങോട്ടേക്കായിരിക്കണം
ഉയരങ്ങളില്‍ നിന്ന്
ശിഖരങ്ങളെ മോഹിപ്പിക്കുന്നത്
അതിന്റെ 
പ്രതിബിംബമായിരിക്കണം

2014, ഏപ്രിൽ 14, തിങ്കളാഴ്‌ച

വേനല്‍ നനയുമ്പോള്‍
















വേനല്‍മഴയെ
പഴിക്കരുത്
ആകസ്മികം
എന്നു വിളിക്കരുത്

അത് 
അധീനപ്പെടാത്ത
കാടുകളോടുള്ള
ആകാശത്തിന്റെ 
വാഗ്ദാനമാണ്

അതിനാല്‍
ആ പൂക്കളൊന്നും
യാദൃച്ഛികമല്ല






2014, ഏപ്രിൽ 2, ബുധനാഴ്‌ച

കവിയെ കൊല്ലുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍



കവിയെ കൊല്ലുന്നതിന് മുമ്പ്
കാറ്റിനെ പിടിച്ചുകെട്ടണം
സൂര്യനെ മുഖപടമണിയിക്കണം
നദികള്‍ വറ്റിക്കണം

മഴയെ ഭൂമികടത്തണം
മണ്ണിനെ വന്ധീകരിക്കണം
തൂക്കുകയോ
വെട്ടുകയോ
വെടിവെക്കുകയോ ആവാം
പക്ഷെ;
ഒറ്റ വിത്തും
തെറിച്ചു പോയിട്ടില്ലെന്ന്
വീണ്ടും വീണ്ടും
ഉറപ്പുവരുത്തണം




2014, ഫെബ്രുവരി 4, ചൊവ്വാഴ്ച

നിലാവുദിക്കുമ്പോള്‍...
















തടാകത്തിലകപ്പെട്ട
പ്രണയം പോലെ
ഈ നഗരം

കാറ്റിന്റെ-
മണം മാറും മുമ്പേ
കാക്കകള്‍
ഉണരും മുമ്പേ
നമുക്ക്
രണ്ടു നദികളാവണം

വാഗ്ദാനങ്ങളില്ലാതെ
യാത്ര തുടരണം

2014, ഫെബ്രുവരി 1, ശനിയാഴ്‌ച

ഒരേ തൂവല്‍ ശബ്ദങ്ങള്‍




















ഒരു ഇറച്ചിവല്‍പനക്കാരി
വാലിട്ടെഴുതിയ
മിഴികൊണ്ടെന്തോ
മൊഴിയുമ്പോഴും
പക്ഷികള്‍
ചിലക്കുമ്പോഴും
പൂച്ചകള്‍
കരയുമ്പോഴും
മരങ്ങള്‍
ഇലപൊഴിക്കുമ്പോഴും
പതാക വാഹകര്‍
ഇന്ക്വിലാബിനോ
ഇന്ദിരക്കോ
ഭാരത് മാതാവിനോ
ജയ് വിളിക്കുമ്പോഴും
കമ്പിളി വില്‍പനക്കാരനും
മീന്‍കാരനും
തൊണ്ട കീറുമ്പോഴും
വിശുദ്ധ വസ്ത്രധാരികള്‍
ഓം ശാന്തി
അല്ലാഹു അക്ബര്‍
ഹലേലുയ്യാ
നീട്ടിപ്പാടുമ്പോഴും
ഒരു ആംബുലന്‍സ്
സൈറണ്‍ മുഴക്കി
ചീറിപ്പാഞ്ഞു പോകുമ്പോഴും
ഞാന്‍ കേള്‍ക്കുന്നത്
അതെ
അതു മാത്രമാണല്ലോ



2014, ജനുവരി 31, വെള്ളിയാഴ്‌ച

വൃത്തം















കൊടുത്തയച്ചതാണ് 
കിട്ടിയത്
പറഞ്ഞത്‌ നീയോ
കേട്ടത് ഞാനോ 
അല്ല

അങ്ങനെയല്ലെങ്കില്‍

കൊടുത്തയച്ചതും
കൊണ്ടുവന്നതും
ഏറ്റുവാങ്ങിയതും
ഞാന്‍ തന്നെ


2014, ജനുവരി 30, വ്യാഴാഴ്‌ച

ഒരു മുസാഫിറിന്റെ മൊഴി



സഹയാത്രികാ

ഈ വളവില്‍ വച്ചോ
അല്ലെങ്കില്‍
അടുത്ത തിരിവില്‍ വച്ചോ
നമ്മള്‍ വഴി പിരിയും
നീ പിന്നെയും 
യാത്ര തുടരുമ്പോള്‍
എന്റെ ശവമഞ്ചം 
വഹിക്കരുത്

ആരെങ്കിലും

എന്നെക്കുറിച്ചു ചോദിച്ചാല്‍
കൂട്ടത്തെ
നഷ്ടപ്പെടുത്തിയവനെന്നോ
ഒഴിഞ്ഞ പാത്രമെന്നോ പറയുക
ദരിദ്രനായിരുന്നു 
എന്നുമാത്രം പറയരുത്

എന്റെ നോട്ടങ്ങളില്‍

എഴുതാത്തതെന്തെങ്കിലും
വായിച്ചിട്ടുണ്ടെങ്കില്‍
മായ്ച്ചുകളയണമെന്ന് 
നീ അവളോടു പറയണം

ഞാന്‍ ഒരു പൂ പോലും 

പറിച്ചിരുന്നില്ല

2014, ജനുവരി 29, ബുധനാഴ്‌ച

മാഞ്ഞുതീരുന്നത്














ഞാന്‍ എന്നെ
ഒരു കടലാസില്‍ പകര്‍ത്തി
പലവട്ടം വായിച്ചു

വായിക്കുന്തോറും തിരുത്തി
തിരുത്തുന്തോറും വെട്ടി

ഒടുവില്‍
വെട്ടും തിരുത്തും
മായ്ച്ചുകളഞ്ഞപ്പോള്‍
കടലാസ് ശൂന്യം

2014, ജനുവരി 28, ചൊവ്വാഴ്ച

ദൈവത്തിന്റെ മണം




















നീ
അരികിലെത്തുമ്പോള്‍
ഞാന്‍ ശ്വസിക്കുന്നു
നിന്റെ 
അടുക്കളയും
കിടപ്പറയും
കുളിമുറിയും
അണ്ഡബീജസങ്കലന
പ്രവാഹങ്ങളും

ദൈവത്തിന്റെ 

മണം മാത്രം
എങ്ങുപോയ്
മൂക്കേ?

ഓ 

നിനക്കും
ആ മണം 
അറിയില്ലല്ലോ...

2014, ജനുവരി 27, തിങ്കളാഴ്‌ച

അടയുമ്പോള്‍...
















മുട്ടരുതെന്ന്
ഞാന്‍ എന്നോട്
പലവട്ടം പറഞ്ഞിരുന്നു
എന്നിട്ടും മുട്ടിപ്പോയി

അപ്പോഴാണ്
മുട്ടുമ്പോള്‍
അടയപ്പെടുമെന്ന്
മനസ്സിലായത്

അങ്ങനെയാണ്

അടഞ്ഞുപോയത്
തുറക്കപ്പെട്ടത്‌

2014, ജനുവരി 22, ബുധനാഴ്‌ച

രണ്ടു സ്വപ്‌നങ്ങളും ഒരു യാഥാര്‍ത്ഥ്യവും
















കഴിഞ്ഞദിവസം
എന്റെ വാഹനത്തിന്റെ
ഇന്ധന ടാങ്കിന്
ഓട്ട വീണു
പുതിയതു വാങ്ങി

ഇന്നലെ
വലിച്ചുമുറുക്കുമ്പോളെന്റെ
അരപ്പട്ട പൊട്ടി
അത് 
തുന്നിച്ചേര്‍ത്തു

ഇന്ന്
ഞാനൊരു സ്വപ്നം കണ്ടു:
തെരുവില്‍
സമരക്കാര്‍
കൂട്ടംകൂടി നില്‍ക്കുകയായിരുന്നു
അവരാരും
വസ്ത്രം ധരിച്ചിരുന്നില്ല

പൊരുളറിയാത്ത 
ആ മര്‍മ്മരങ്ങള്‍
ഇവിടെ
ചേര്‍ത്തെഴുതുമ്പോഴും
ഞാന്‍ മരിച്ചിരുന്നില്ല


2014, ജനുവരി 21, ചൊവ്വാഴ്ച

ആയുധം




















അവെളെന്നോടു
കുപ്പായം
അഴിക്കാന്‍ 
ആവശ്യപ്പെട്ടപ്പോള്‍
ഞാന്‍ 
അടിവസ്ത്രം പോലും
പറിച്ചെറിഞ്ഞു

കണ്ണട മാറ്റാന്‍

പറഞ്ഞപ്പോള്‍ 
കണ്ണുകള്‍ തന്നെ 
വേണ്ടെന്നു വച്ചു

ഒടുവില്‍

ആലിംഗനത്തിന്റെ
അന്ത്യയാമത്തില്‍
ചെവിവള്ളിയിലൊരു
ചുംബനമര്‍പ്പിക്കാന്‍
ചുണ്ടു ചേര്‍ക്കവെ
അവളെന്റെ കാതില്‍
മെല്ലെ പറഞ്ഞു:

വൃഷ്ണസഞ്ചിയുടെ

തെക്കേമൂലയില്‍
ചൊറിപിടിച്ച
പാടുള്ളവനേ
എനിക്കു 
ഓക്കാനം വരുന്നു.

2014, ജനുവരി 20, തിങ്കളാഴ്‌ച

മൗനം ഒരു വിജനതയല്ല

















എനിക്കീ-
വിജനതയുടെ
മലയിറങ്ങണം

ഏകാന്തതയുടെ
സിംഫണിയില്‍ നിന്ന്
ബധിരനാവണം
ധ്യാനിക്കുമ്പോള്‍
ഒറ്റക്കാവണം

താഴ്‌വരയിലൊരു-
നഗരമുണ്ടായിരിക്കണം
ആള്‍ക്കൂട്ടമുണ്ടാവണം
അതിനിടയിലൊരു
മൗനമാകണം

2014, ജനുവരി 6, തിങ്കളാഴ്‌ച

പൂക്കളുടെ ശ്മശാനം
















അറുത്തുമാറ്റിയതൊന്നും
പൂക്കളല്ലാത്തതിനാല്‍
ആദ്യരാത്രികളെ ഞാന്‍
പൂക്കളുടെ-
ശ്മശാനമെന്നു വിളിക്കുന്നു








പരസ്പരം















കാത്തുവച്ച 
കസ്തൂരി മാമ്പഴം
കാക്ക കൊത്തിയ കാര്യം
ഇനി മിണ്ടരുത്

നീലത്തിമിംഗലം കണ്ണുവച്ച

കുഞ്ഞു സ്രാവിനെ 
നീ
പിടിച്ചു കൊണ്ടുപോയി
പൊരിച്ചു തിന്നില്ലേ...

2014, ജനുവരി 2, വ്യാഴാഴ്‌ച

പൂക്കള്‍ പറിക്കാതിരിക്കുമ്പോള്‍














ആദ്യരാത്രിയിലെ പൂക്കള്‍

കിടക്കവിരിയില്‍
ഞെരിന്നമര്‍ന്ന്
ചീഞ്ഞുനാറാന്‍ തുടങ്ങിയപ്പോഴാണ്
പൂക്കാരന്‍മുക്കിലേക്കു പോയത്

അവിടെ

നിരനിരയായ് വച്ച കുട്ടകളില്‍ 
പലതരം പൂക്കളുണ്ടായിരുന്നു
അവ മലര്‍ന്നു കിടന്നു
പുഞ്ചിരിക്കാന്‍ 
പരാജയപ്പെട്ടുകൊണ്ടിരുന്നു

അപ്പോള്‍

ശവഗന്ധം  വഹിച്ച
ഒരു കാറ്റ് 
അതിലെ കടന്നു പോയി

അറിയാത്ത വഴികള്‍ പിന്നിട്ട്

ഒടുവില്‍ എത്തിച്ചേര്‍ന്നത്
ആ പഴയ ഉദ്യാനത്തിലായിരുന്നു
ആ പൂവ് അപ്പോഴും
അവിടെ ഉണ്ടായിരുന്നു
 അതിന്റെ പേര്
പൂവ് എന്നുതന്നെയായിരുന്നു

2014, ജനുവരി 1, ബുധനാഴ്‌ച

ഒരു പെണ്ണ് മുന്നില്‍ നടക്കുമ്പോള്‍...
















പെണ്ണേ
നിനക്കെന്നെ അറിയില്ല
എന്നിട്ടും 
എനിക്കഭിമുഖമായി 
നീ നടന്നുവരുമ്പോള്‍
തട്ടത്തിന്റെ തലയെടുത്ത്
മുലമുഖത്തിട്ട് 
എന്റെ മനസ്സു വായിച്ചതില്‍
ഞാന്‍ ആശ്ചര്യപ്പെടുന്നില്ല

പെണ്ണേ

നിനക്ക് പിന്നില്‍ കണ്ണുകളില്ല
എന്നിട്ടും
നീ എന്റെ മുന്നില്‍ നടക്കുമ്പോള്‍
എന്റെ നോട്ടങ്ങളും
നിന്റെ താളത്തിനൊത്ത്
എന്റെ ഹൃദയത്തിലുണരുന്ന
നൃത്തവും
നീ കാണുന്നത്
ഏതു കണ്ണുകൊണ്ടാണ്?

ഈ ചോദ്യത്തിന് 

നീ ഉത്തരം നല്‍കിയാല്‍
എന്റെ
എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള
ഉത്തരം
ഞാനതില്‍ വായിക്കും

നല്ല വിത്ത്















ഞാന്‍
എന്നോടു തന്നെ
വെറുതെ
ഒരു കാര്യം
പറയുകയാണ്:

ദു:ഖങ്ങളൊന്നും
പങ്കുവെച്ച് 
നശിപ്പിക്കരുത്

ഹൃദയത്തില്‍ 
ഒരു കുഞ്ഞു ഖബറുണ്ടാക്കി
നല്ല വെള്ളത്തുണിയില്‍
പൊതിഞ്ഞ് 
അടക്കം ചെയ്യുക

ശേഷം
അതിന്റെ 
പതിനാറടിയന്തിരവും
ആണ്ടും
മറക്കാന്‍ കഴിഞ്ഞാല്‍

അതിനേക്കാള്‍ 
നല്ല വിത്ത്
വേറെ ഇല്ല