ആകെ പേജ്‌കാഴ്‌ചകള്‍

2015, മേയ് 6, ബുധനാഴ്‌ച

ജനല്‍ച്ചിത്രം















ഒരു ജനല്‍ തുറന്നിടുകയെന്നാല്‍
ആരോ ഒരാള്‍ ഒരു ചുമരില്‍
ഒരു ചിത്രം വരച്ചുകൊണ്ടിരിക്കലാണ്

അതില്‍ 
പൂക്കള്‍ വിരിയും
തെങ്ങോലകളാടും
കുരുവികള്‍ കൂടുകൂട്ടും
മേഘങ്ങള്‍ കനക്കും
മഴനൂലുകള്‍ കുളിരു നെയ്യും
വെയില്‍ പുഞ്ചിരിക്കും
മഞ്ഞ് മറകെട്ടും


പകല്‍ പൊഴിയും
രാത്രി പൂക്കും
പൗര്‍ണ്ണമി
അമാവാസിയുമായി ഇണചേരും
മിസൈലുകള്‍
നക്ഷത്രങ്ങളെ ചുംബിക്കും
തുമ്പികള്‍ ഡ്രോണുകളാവും

അപ്പോള്‍
ചിത്രത്തില്‍ നിന്ന്
ഒരു ഇയര്‍ഫോണ്‍ നീണ്ടുവരും
അതിലൂടെ
ഒരു നിലവിളി ഒഴുകിവരും
ചിത്രമപ്പോള്‍
തീപ്പിടിച്ച ഒരു ചുമരാവും

തുറന്നിട്ട ജാലകം
ഒരിക്കലും വരച്ചുതീരാത്ത
ഒരു ചിത്രമാണ്

2015, മേയ് 5, ചൊവ്വാഴ്ച

ഒറ്റമരം















ഒറ്റക്കു നില്‍ക്കുന്ന ആ മരം 
ഞാനല്ല; 
അഥവാ ഞാനാണെങ്കില്‍ 
അത് നീയുമാണ്
മാത്രമല്ല; 
ആ മരം കൂടിയാണ്.
അതിനാല്‍ അതൊരു 
ഒറ്റമരമല്ല