ആകെ പേജ്‌കാഴ്‌ചകള്‍

2013, നവംബർ 21, വ്യാഴാഴ്‌ച

എന്റെ പൂക്കളുടെ അമ്മ





















എന്റെ ദു:ഖമേ
നീ തന്നെയാണ്‌
എന്റെ 
പ്രിയപ്പെട്ട പൂക്കളുടെ-
അമ്മ


2013, നവംബർ 20, ബുധനാഴ്‌ച

മരുഭൂമിയില്‍ മഴ കലണ്ടര്‍ നോക്കുന്നില്ല





















മീരയുടെ
കണ്ണുകളില്‍
വേനലുദിക്കുമ്പോള്‍
മരുഭൂമിയില്‍ ഇന്നലെ
ഒരു മഴ പെയ്തതായി
ഞാനറിയുന്നു

ആമഴയെ

ഞാന്‍
ഇങ്ങനെ വായിക്കുന്നു:

മരുഭൂമിയിലെ മഴയ്ക്ക്

വാഗ്ദാനങ്ങളില്ല
ബാധ്യതകളില്ല
വഴികളില്ല

അത് വഴിതെറ്റി വരുന്നു

വഴിതെറ്റി പോകുന്നു
മരുഭൂമിയിലെ മഴ
കലണ്ടര്‍ നോക്കുന്നില്ല

മരുഭൂമിയിലെ മഴ

ചിറാപുഞ്ചിയിയിലെ
മഴ പോലെ
അല്ല;
പെയ്യുന്തോറും അത്   
ആരും നനയാത്തിരിക്കുന്നില്ല

മരുഭൂമിയില്‍

മഴ പെയ്താല്‍ മാത്രം മുളക്കുന്ന-
വിത്തുകളുടെ 
കാത്തിരിപ്പില്ല
പ്രാര്‍ത്ഥനയില്ല

മരുഭൂമിയില്‍ മഴപെയ്യുമ്പോള്‍

മണല്‍തരികളും
മഴത്തുള്ളികളും
ഒറ്റമരം

മരുഭൂമിയിലെ മഴ

മറ്റൊരു മഴവരെ
തോരുന്നില്ല

മീര ഇപ്പോള്‍

മഴ മരിച്ചുപോയ 
മണ്ണോ പെണ്ണോ അല്ല

അവള്‍ മാത്രമാണ്
മഴ നനയുന്നത്..

2013, നവംബർ 14, വ്യാഴാഴ്‌ച

ബക്കറ്റ്‌





















കലാപങ്ങളുടെ അന്ത്യത്തില്‍
കുറെ ബക്കറ്റുകള്‍ പിറവിയെടുക്കും
അതില്‍ വിഷം നിറക്കപ്പെടും
അവ ദേശങ്ങളും ഭാഷകളും കടന്ന്
ഓരോ ഉമ്മറപ്പടിയും കയറിയിറങ്ങും
അപ്പോഴേക്കും
ആകാശം പിന്നെയും ഇരുളും

ആ താക്കോലിന്റെ ഉടമ





















പുറത്തേക്കുള്ള-
എല്ലാ വഴികളും
അവസാനിക്കുന്നത്
അകത്തേക്കുള്ള-
വഴിയിലാണല്ലോ...

അസമയത്ത്














വസന്തം
അസമയത്തു
വരുമ്പോള്‍ 
ഹിമക്കട്ടയും
അഗ്നിപര്‍വ്വതമാവും

2013, നവംബർ 13, ബുധനാഴ്‌ച

കിനാവുകളുടെ കര്‍ഫ്യൂ
















സ്വപ്നങ്ങള്‍ വില്‍ക്കുന്ന തെരുവില്‍
കര്‍ഫ്യൂ തുടരുകയാണെങ്കില്‍
നേരെ
കുഞ്ഞുങ്ങളുടെ-
ശ്മശാനത്തിലേക്കു പോവുക








ആകാശത്തിനും കടലിനും ഇടയിലൂടെ..













വേരുകള്‍
ഇല്ലായിരുന്നെങ്കില്‍
ഞാന്‍
നീലാകാശത്ത്
ചിത്രശലഭങ്ങളോടൊപ്പം
പറക്കുമായിരുന്നു

ചില്ലകള്‍

ഇല്ലായിരുന്നെങ്കില്‍
ഞാന്‍
കടലിന്റെ 
അഗാധതയില്‍
മത്സ്യകന്യകയോടൊപ്പം
ശയിക്കുമായിരുന്നു



ചിലര്‍ ഇരിക്കുമ്പോള്‍
















ചിലര്‍
ഇരിക്കുമ്പോള്‍
അവരും
കസേരകളാവും

വാക്കേ വാക്കേ...














1
ചില വാക്കുകള്‍
ചെറുപ്പത്തിലേ നാടുവിട്ട
മക്കളെ പോലെയാണ്
ചിലത് ദേശാടനം കഴിഞ്ഞ്
ദരിദ്രനോ ധനാഢ്യനോ ആയി
 തിരിച്ചെത്തും
മറ്റുചിലത് അജ്ഞാത ജഡങ്ങളായി
പൊതുശ്മശാനങ്ങളില്‍
അടക്കപ്പെടും

2

വാക്കേ വാക്കേ
ഞാന്‍ ചാറ്റാനോ തൂറ്റാനോ
പോകുന്ന നേരം നോക്കി
കയറുപൊട്ടിച്ച്
പുറത്തിറങ്ങി
പുകിലുണ്ടാക്കല്ലേ...



ഞാനറിയാതെ..





ഞാന്‍
ഗാഢ നിദ്രയിലാണ്ടുപോകുന്ന-
നേരത്ത്
ഞാനറിയാതെ
നീയെന്റെ
മസ്തിഷ്‌ക്കം തുരക്കണം
മനസ്സിലേക്ക് കടക്കണം
സ്വപ്നമായി മാറണം

നക്ഷത്രത്തുള്ളികള്‍
















മേഘങ്ങളുടെ
ആഹ്ലാദവര്‍ഷത്തിനിടയില്‍
നക്ഷത്രങ്ങളുടെ
കണ്ണുനീര്‍
ഞാനും കണ്ടില്ല

കാലം

















കാലം
നിശ്ചലമാണ്
ഉദിക്കുന്നതും
അസ്തമിക്കുന്നതും
വിതക്കുന്നതും
കൊയ്യുന്നതും
ഞാനാണ്

കണ്ണടക്കുമ്പോള്‍...
















കണ്ണടക്കുമ്പോള്‍

കാണാം
തലക്കുമീതെ
കടല്‍
കീഴെ
ആകാശം
ഇടയില്‍
വായിച്ചാലും വായിച്ചാലും
തീരാത്ത
മരുഭൂമി

എങ്ങനെയും വായിക്കാനാവുന്ന വചനങ്ങള്‍
















ജാരന്‍
ഒരേസമയം
വില്ലനും നായകനുമാണ്
അവന്റെ കണ്ണുകളില്‍
എങ്ങനെയും 
വായിക്കാവുന്ന
വചനങ്ങളുണ്ട്

വഴിയാധാരം















വഴിയേ വഴിയേ
ഇനിയും
നിനക്ക് വഴിപ്പെടാന്‍
എനിക്കു മനസ്സില്ല
എന്നെ വഴിയാധാരമാക്കൂ

എല്ലാ വഴികളും പുറപ്പെടുന്നത്

പെരുവഴിയില്‍ നിന്നാണ്
വഴിയാധാരമായവനെ
അവിടെ സ്വന്തം വഴി
കാത്തുനില്‍ക്കുന്നുണ്ടാവും

തെറ്റെഴുത്ത്




















എല്ലാ- 
കണക്കുകൂട്ടലുകളും തെറ്റണം
അപ്രതീക്ഷിതമായിരിക്കണം
ഓരോ വഴിയും
ഓരോ 
വളവും
തിരിവും

ജനലിനപ്പുറം...


















മഴക്കും
ചില പരിമിതികളുണ്ട്;
അശാന്തമായ കിടപ്പറകള്‍
തിളച്ചുമറിയുന്ന രാത്രികളില്‍
അത് ജനലിനപ്പുറം
വെറുതെ നോക്കിനില്‍ക്കും

തീകൊണ്ടു കളിക്കുമ്പോള്‍

തീകൊണ്ടു കളിക്കുമ്പോള്‍
പേടിക്കരുത്;
സര്‍വ്വവും ചാരമാവുന്നതിനിടയിലുള്ള-
പ്രകാശമായിരിക്കാം
ചിലപ്പോള്‍
നിനക്ക് വഴികാണിക്കുക


അവനും അവരും



















ഒന്ന്

അവന്‍
ചൂണ്ടിയത്
നിലാവിലേക്കായിരുന്നു
പക്ഷെ;
അവര്‍ കണ്ടത്
വിരലായിരുന്നു
അങ്ങനെയാണവന്‍
നിലാവായത്

രണ്ട്   

അവന്‍
കടലിനെ അറിയുന്നവനാകയാല്‍ 
മണല്‍പ്പരപ്പില്‍ പോലും
കോറിവെക്കാതിരുന്നത്
അവര്‍ കരിങ്കല്ലില്‍ 
കൊത്തിവെക്കുകയായിരുന്നു

അങ്ങനെയാണ് 
നമ്മള്‍
തടവിലാക്കപ്പെട്ടത്

മൂന്ന്   

മുഖംമൂടി വില്പനശാലയിലേക്കുള്ള-
വഴിതെറ്റിയവര്‍
പ്രാര്‍ത്ഥിക്കുമ്പോള്‍ മാത്രം
വിശുദ്ധരാകുന്നവരുടെ 
കാല്പാടുകള്‍ പിന്തുടരുക

2013, നവംബർ 12, ചൊവ്വാഴ്ച

അകലം



ഞാന്‍
നിന്റെ അരികിലാണെങ്കിലും
അകലെയാണല്ലോ
അവന്‍ 
അകലെയാണെങ്കിലും
നിന്റെ അരികിലാണല്ലോ
അവള്‍
ഈ മണ്ണിലില്ലെങ്കിലും
എന്റെ ഉള്ളിലുണ്ടല്ലോ

2013, നവംബർ 11, തിങ്കളാഴ്‌ച

ഉടുപ്പുകള്‍
















പൂര്‍ണ്ണ നഗ്‌നയായ്
എന്റെ
മുന്നിലെത്തും വരെ
നീ സത്യമല്ല


അദൃശ്യവഴി




















എല്ലാ-
അടച്ചിട്ട മുറികളിലും
ഒരു അദൃശ്യവാതില്‍
തുറന്നു കിടപ്പുണ്ട്;

അവിടെ നിന്ന്
ഒരു വഴി
പുറപ്പെടുന്നുണ്ട്‌

ആണ്‍കപ്പലില്‍...


പെണ്ണിറച്ചിയുടെ
യഥാര്‍ത്ഥ രുചി
അറിയണമെങ്കില്‍
ആണ്‍കപ്പലില്‍
ഋതുഭേദങ്ങള്‍ താണ്ടി
വന്‍കര തൊടാതെ
തിരിച്ചെത്തണം

മഴമാപിനി






















മിഴികളില്‍
മഴവില്ലു കുലച്ച പെണ്ണ്
തലയിണ പിഴിഞ്ഞു
മഴ
അളക്കുന്നു

പുഴവഴി




















മഴയുടെ 
കൈപിടിച്ച്
ഒരു പുഴ
വഴി 
അന്വേഷിക്കുന്നു

ഞാന്‍


















ഞാന്‍
എന്നെ അറിയാത്തവന്‍
നിന്നെ അറിയാത്തവന്‍
നിനക്കറിയാത്തവന്‍

ജുഗല്‍ബന്ദി


















വാതിലുകളില്ലാത്ത
വീട്ടില്‍
വഴികളുടെ
ജുഗല്‍ബന്ദി

തിന്നുതീരുമ്പോള്‍..





















എന്റെ
നക്ഷത്രങ്ങള്‍
അവളുടെ
പാമ്പുകള്‍ക്ക്
ഇര

പുറപ്പെടരുത്
















ബുദ്ധന്റെ അനിയത്തീ
പുറപ്പെടരുത്
ബോധിവൃക്ഷം
ജീവപര്യന്തം 
തടവിലാണ്

അന്നും ...

















അന്നും
ഒരു സ്‌ഫോടനമുണ്ടായിരുന്നു;
അങ്ങനെയാണ്
ഭൂമിയുണ്ടായത്

കല്ലെറിഞ്ഞു കൊല്ലുക














ഭാവങ്ങളുടെ കുപ്പായവും
വര്‍ണ്ണങ്ങളുടെ കണ്ണടയും
ധരിക്കാത്ത
ഒരു വാക്ക്
കളഞ്ഞു പോയിട്ടുണ്ട്
ഏതെങ്കിലും മരച്ചോട്ടിലോ
കടത്തിണ്ണയിലോ ബാറിലോ
ഭ്രാന്താശുപത്രിയിലോ
കണ്ടുമുട്ടുന്നവര്‍
കല്ലെറിഞ്ഞു കൊല്ലുക


പെയ്യുമ്പോള്‍....




















ഞാനും
നീയും
പെയ്യുമ്പോള്‍
മുറിവുകളുടെ-
സിംഫണി

പതാക













ഓരോ പതാകയിലും
ഒരായിരം
ആണവനിലയങ്ങള്‍

കുരുടന്മാരായതിങ്ങനെ...
















ഒരു കണ്ണ്
അയലത്തെ-
കിടപ്പുമുറിയിലും
മറ്റേത്
ബസ്റ്റാന്റിലെ-
കക്കൂസിലും
ഒളിപ്പിച്ചു വച്ച്
നമ്മള്‍
മുഖത്ത്- 
കണ്ണില്ലാത്തവരായി

ഭ്രാന്തം





















നീ
ഞാനാണെന്ന്
തിരിച്ചറിഞ്ഞതു മുതലാണ്
ഞാന്‍
എന്നോടു സംസാരിച്ചു തുടങ്ങിയത്

വാതില്‍




















സ്‌ഫോടന പരമ്പരകള്‍ക്കൊടുവില്‍
പ്രസവവാര്‍ഡിന്റെ 
വാതിലുകള്‍
തുറക്കപ്പെടുക തന്നെ ചെയ്യും

വെറുതെ..
















വരൂ
നമുക്ക് 
കുറിഞ്ഞികള്‍ പൂക്കുന്ന
മലഞ്ചെരിവിലേക്ക് പോകാം
കൊഴിഞ്ഞുവീണ-
പൂക്കള്‍ പെറുക്കി
വെറുതെ
ഒരു മാല കോര്‍ക്കാം

ഉപ്പിലിടുമ്പോള്‍




















കിനാവുകള്‍
ഉപ്പിലിടുമ്പോള്‍
ഇഞ്ചിയും
പച്ചമുളകും
ചേര്‍ക്കരുത്

2013, നവംബർ 10, ഞായറാഴ്‌ച

നിന്നെക്കുറിച്ചു തന്നെ..




















നീ
മണ്ണായിത്തീരുന്ന
മാംസപിണ്ഡമായിരുന്നെങ്കില്‍
എന്നേ
എനിക്കു നഷ്ടപ്പെടുമായിരുന്നു

അന്നത്തെ ആകാശം




















പുതപ്പായിരുന്നു
അന്നത്തെ ആകാശം
അതിലെ 
ഇല്ലാത്ത നക്ഷത്രങ്ങള്‍ക്ക്
വല്ലാത്ത തിളക്കമായിരുന്നു


ആ മഴയെ...

















മീസാന്‍കല്ലുകള്‍ക്ക്
നനയാനായ്;
പെയ്യാന്‍ വിധിയില്ലാത്ത
ആ മഴയെ
ഞാന്‍
ഒപ്പം കൊണ്ടുപോകുന്നു

കക്കൂസ് ഒരു വിശുദ്ധ ഇടം




















ഇക്കാലത്ത്
ദൈവത്തെ കാണണമെങ്കില്‍
കക്കൂസില്‍ തന്നെ പോകണം

കക്കൂസിന്റെ വാതിലുകള്‍

അടയുമ്പോഴാണ്
മനസ്സിന്റെ വാതിലുകള്‍
തുറക്കപ്പെടുന്നത്

ഒരുവന് അവനെ 

കാണണമെങ്കിലും
കക്കൂസില്‍ തന്നെ പോകണം


മൂലക്കുരുവുള്ള
നിരീശ്വരവാദിക്ക്
കക്കൂസ്
ഒരു കുമ്പസാരക്കൂടാണ്

തിന്ന പാപങ്ങളെ

തൂറുന്ന ഇടമായതിനാല്‍
കക്കൂസിനെ
പാപനാശിനിയെന്നും
വിളിക്കാം

ആദ്യത്തെ പ്രണയലേഖനം

വായിച്ചതും
ആദ്യമായ് മൂളിപ്പാട്ടു പാടിയതും
കക്കൂസില്‍ വച്ചാണ്

വേര്‍പിരിയുമ്പോള്‍

പൊളിച്ചു നീക്കാത്ത
ഓരോ കക്കൂസിന്റെയും
ചുവരുകളിലുണ്ട്
ആദ്യ പ്രണയത്തിന്റെ
ചോരപ്പാടുകള്‍

ലോകം

ഒരു വലിയ കക്കൂസ്
ആകുന്നതു വരെ
നമ്മുടെ പ്രശ്‌നങ്ങള്‍ തുടരും

2013, നവംബർ 9, ശനിയാഴ്‌ച

ന്യൂസ്@ഡിന്നര്‍




ഇരുതല മൂരി
വെള്ളിമൂങ്ങ
നാലുവരിയാക്കാന്‍ 
കൂരപൊളിച്ച കുടുംബങ്ങളുടെ
കണ്ണീരിന്റെ
ഉപ്പ്
പനിയുടെ 
പുളിപ്പ് 
വില്‍പനക്കിടയില്‍
പിടിക്കപ്പെട്ട ഇരകളുടെ 
മുഴുമുഴുപ്പ്
മിഴിനീര്‍
ഡെസ്‌ക്കില്‍ വാര്‍ത്തകളുടെ വിരുന്ന് 
ഞാനിന്ന് സന്തോഷവാനാണ്

കത്തിക്കരിഞ്ഞ ശവങ്ങളുടെ

മടിക്കുത്ത് തിരയുന്ന
സാമൂഹ്യപ്രവര്‍ത്തകന്റെ
എക്‌സ്‌ക്ലൂസീവ്
കണ്ണൂരില്‍ നിന്ന്
തല പോയ
ഒരുടല്‍
കൊച്ചിക്കായലില്‍
ഉടലില്ലാത്ത ഒരു തല
ന്യൂസ്@ഡിന്നര്‍ വിഭവസമൃദ്ധം.

പ്രധാനമന്ത്രിക്ക് 

ചാലക്കമ്പോളത്തില്‍ നിന്ന്
എസ്.എം.എസ് മിസൈല്‍.

അഭയാര്‍ത്ഥികള്‍ക്ക് 

അപ്പവുമായിപ്പോയ 
കപ്പല്‍ വിഴുങ്ങിയ 
തിമിംഗലത്തിന്റെ ലൈവ്.
ഞാനിന്ന് സന്തോഷവാനാണ് 
ഇനി സ്‌പോണ്‍സറുടെ 
അപ്രൂവല്‍ മാത്രം മതി. 

ജയ് ഹോ !.......ജയ് ഹോ..... 

ഇതാ ആ വിളിയുമെത്തി 
ഒഴിഞ്ഞ ആമാശയത്തിനും 
നാണപ്പന്‍ ചേട്ടന്റെ 
വിളക്കണയാറായ തട്ടുകടയ്ക്കുമിടയില്‍ 
ഇനി അര മണിക്കൂറിന്റെ ദൂരം മാത്രം 

സര്‍ വിമാനദുരന്ത ദൃശ്യങ്ങളില്‍ 

എയര്‍ഹോസ്റ്റസിന്റെ 
മേനി കാണാത്തതിനാല്‍ 
സ്‌പോണ്‍സര്‍ പിന്മാറുന്നു. 

ഗായത്രീ

 കത്തിക്കരിഞ്ഞ 
ആ അസ്ഥികൂടത്തിന് ഒരടിക്കുറുപ്പെഴുതൂ: 
നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന 
ഈ സാധനം മണിക്കൂറുകള്‍ക്ക് 
മുമ്പ് സകല ലിംഗങ്ങളെയും 
ഉദ്ധരിപ്പിച്ച 
ഒരു മദാലസയായിരുന്നു.

2013, നവംബർ 6, ബുധനാഴ്‌ച

നീ എന്നെ തൊടുമ്പോള്‍



















നീ 
എന്നെ തൊടുമ്പോള്‍
ഞാന്‍ എന്നെ-
തൊടുന്നതുപോലെ 
തോന്നുന്നത്
ഞാന്‍
നീയായതുകൊണ്ടാണെന്ന്
വിശ്വസിക്കാനാണ്
എനിക്കിഷ്ടം