ആകെ പേജ്‌കാഴ്‌ചകള്‍

2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

രണ്ട് ആത്മാവുകള്‍ ഒരു സത്രത്തിലിരുന്ന് കടല കൊറിക്കുന്നു




















1
ഞാനും അമ്മിണിയേടത്തിയും
എന്റെ ശവകുടീരത്തിനരികിലെ
ഇലഞ്ഞിച്ചോട്ടിലിരുന്ന് 
നേരമ്പോക്ക് പറയുകയായിരുന്നു
അപ്പോള്‍ 
പൂക്കളുടെ ആത്മാവുകളോട് സല്ലപിച്ചുകൊണ്ട്
എന്റെ ഒരു പഴയ ചങ്ങാതി അതിലേ പറന്നുപോയി

2
എനിക്ക് കത്തുന്ന കവിതകള്‍ വായിക്കണം
സച്ചിദാനന്ദനോ ചുള്ളിക്കാടോ ശങ്കരപിള്ളയോ
അയ്യപ്പനോ കുഴൂരോ തീക്കുനിയോ 
ആരെയാണ്  വായിക്കേണ്ടതെന്ന്   
ഒരിക്കല്‍ അവന്‍ എന്നോട് ചോദിച്ചത് 
അപ്പോള്‍ എനിക്കോര്‍മ്മ വന്നു
ആംഗലേയ കവികളുടെയും 
മഹാകവികളുടെയും പേരുകള്‍ 
അവന്‍ പറഞ്ഞില്ലല്ലോ എന്ന് 
ഇംഗ്ലീഷും വൃത്തവും അറിയാത്ത ഞാന്‍
അവനറിയാതെ സമാധാനിച്ചതും ഓര്‍ക്കുന്നു

3

സച്ചിദാനന്ദന് കേന്ദ്ര സാഹിത്യ അക്കാദമിയിലും
ചുള്ളിക്കാടിന് സീരിയലിലും 
കുഴൂരിന് ചാനലിലും പണിയുണ്ട്
ശങ്കരപിള്ള കോളജില്‍ മാഷായിരുന്നു
ഇപ്പോള്‍ പെന്‍ഷനുണ്ടാവും
കടലില്‍ മീനുള്ള കാലത്തോളം 
തീക്കുനിയെക്കുറിച്ച് ആധിയില്ല
അയ്യപ്പനെ വായിക്കാമായിരുന്നു
പക്ഷെ മരിച്ചുപോയി, ഇനി വായിച്ചിട്ടെന്ത്
തന്തയില്ലാത്ത-
രണ്ട് പിള്ളേരെ പോറ്റാന്‍ പാടുപെടുന്ന
പുറമ്പോക്കിലെ
അമ്മിണിയേടത്തിയെ വായിക്കാന്‍
ഞാന്‍ അവനോട് പറഞ്ഞു
ഏടത്തീ അവന്‍ അതിലേ വന്നിരുന്നുവോ?

4

ഓരോന്ന് ഓര്‍ത്തും പറഞ്ഞും
നേരം പോയതറിഞ്ഞില്ല
സായാഹ്നം നട്ടുച്ചയിലേക്ക് വളരാന്‍ തുടങ്ങി
അമ്മിണിയേടത്തിയുടെ കണ്ണുകളില്‍
കാലം സജലമായി
കാഞ്ഞിര മരത്തിന്റെയും
മൈലാഞ്ചിച്ചെടിയുടെയും ഇടയിലൂടെ
ചെമ്പകച്ചോട്ടിലെ ചാരക്കൂനയിലേക്ക് ചൂണ്ടി
അവര്‍ അവനെഴുതിയ കവിതകള്‍ 
ഉച്ചത്തില്‍ വായിക്കാന്‍ തുടങ്ങി

അഭിപ്രായങ്ങളൊന്നുമില്ല: